പുലികണ്ടനും, പുള്ളികരിങ്കാളിയും കരിന്തിരി നായര് തെയ്യങ്ങൾ.

 Back to All Theyyams


Stories of Kerala Temple
പുലികണ്ടനും, പുള്ളികരിങ്കാളിയും കരിന്തിരി നായര് തെയ്യങ്ങൾ.

ഉത്തരമലബാറിലെ തെയ്യപ്രപഞ്ചത്തിൽ ഏറെ ജനപ്രീതിയുള്ളതും ആരാധനാക്രമങ്ങളിൽ സവിശേഷ സ്ഥാനമുള്ളതുമായ മൂന്ന് തെയ്യക്കോലങ്ങളാണ് പുലികണ്ടൻ, പുള്ളികരിങ്കാളി, കരിന്തിരി നായർ. ഇതിൽ ആദ്യത്തെ രണ്ടും 'പുലിദൈവങ്ങൾ' എന്ന വിഭാഗത്തിലും, മൂന്നാമത്തേത് 'വീരമൂർത്തി' എന്ന വിഭാഗത്തിലും വരുന്നു.


ഒരിക്കല്‍ ശിവനും പാര്‍വതിയും തുളൂര്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പുലികള്‍ ഇണ ചേരുന്നത് കണ്ട് മോഹമുണര്‍ന്ന അവര്‍ പുലികണ്ടനും പുലികരിങ്കാളി (പുള്ളികരിങ്കാളി) യുമായി മാറി.


മാസങ്ങള്‍ക്ക് ശേഷം താതേനാര്‍ കല്ലിന്റെ തായ്മടയില്‍ അരയോളം മടമാന്തി അവിടെ പുള്ളികരിങ്കാളി അഞ്ചു ആണ്‍മക്കള്‍ക്ക് ജന്മം നല്‍കി.
കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുലിയൂര്‍ കണ്ണന്‍ എന്നിങ്ങനെ അവര്‍ അറിയപ്പെട്ടു.
എന്നാല്‍ നാല് ആണ്‍മക്കളും പുലിയൂര്‍ കാളിയടക്കം അഞ്ചു പേരാണെന്നും മറ്റൊരു അഭിപ്രായമുണ്ട്.
ഈ അഭിപ്രായമാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

 

പുലിയൂര്‍ കാളിയെക്കുറിച്ച് മറ്റൊരു കഥയുള്ളത് ഇങ്ങിനെയാണ്‌ :
ഒരു പെണ്‍കുട്ടി ഇല്ലാതെ വിഷമിച്ചിരുന്ന പുള്ളികരിങ്കാളി ശ്രീകൃഷ്ണനെ ജപിച്ചു കിടക്കുകയും സ്വപ്നത്തില്‍ കണ്ണന്‍ അവരോടു നിങ്ങള്‍ക്ക് ഒരു മകള്‍ ജനിച്ചാല്‍ നിങ്ങള്‍ അവള്‍ക്ക് എന്ത് നല്‍കുമെന്ന് ചോദിച്ചുവെന്നും അതിനു എന്റെ എല്ലാ അധികാരങ്ങളും അവകാശങ്ങളും നല്‍കുമെന്ന് പുള്ളികരിങ്കാളി മറുപടി നല്‍കിയത്രെ.
ഇങ്ങിനെയുണ്ടായ മകളാണ് പുലിയൂര്‍ കാളി. ഇതൊന്നു പരീക്ഷിക്കണമെന്ന് കരുതിയ ഭഗവാന്‍ തന്നെ ഗര്‍ഭസ്ഥശിശുവായി അവതരിച്ചുവെന്നും അങ്ങിനെ ഗര്‍ഭിണിയായ പുള്ളികരിങ്കാളി വിശപ്പ്‌ സഹിക്ക വയ്യാതെ തളര്‍ന്നത് കണ്ടു പുലിമക്കളെല്ലാം ചേര്‍ന്ന് പശുക്കളെ തേടി പുറപ്പെടുകയും കുറുമ്പ്രാന്തിരി വാണവരുടെ തൊഴുത്ത് തകര്‍ത്ത് പശുക്കളെ കൊന്നു കക്കും കരളും അവത്തിറച്ചിയും പുള്ളികരിങ്കാളിക്ക് കൊണ്ടുക്കൊടുത്തുവത്രേ.
പശുക്കളെ കൊന്ന പുലികളെ വക വരുത്താന്‍ വാണവര്‍ വില്ലാളി വീരനായ കരിന്തിരി കണ്ണന്‍ നായരെ ചുമതലപ്പെടുത്തി.
നായര്‍ കാട്ടില്‍ ചെന്ന് മാവിന്മേല്‍ ഒളികെട്ടി കെണിയൊരുക്കിയിരുന്നു.
പുലികള്‍ കെണിയില്‍ അകപ്പെടുകയും ചെയ്തു.
എന്നാല്‍ അതെ സമയം തന്നെ മാവിന്മേല്‍ ഒളികെട്ടിയിരുന്ന കരിന്തിരി കണ്ണന്‍ നായരെ പുലികണ്ടന്‍ വൃഷണം പിളര്‍ന്ന് കൊന്നു.
 

കരിന്തിരി കണ്ണന്‍ നായര്‍ :

കുറുമ്പ്രാന്തിരി വാണവരുടെ പൈക്കിടാങ്ങളെ കശാപ്പ് ചെയ്തു പശുക്കളെ വകവരുത്താനിറങ്ങി അവരാല്‍ കൊല ചെയ്യപ്പെട്ട തെയ്യമാണ്‌ കരിന്തിരി കണ്ണന്‍ നായര്‍.
പുലി തെയ്യങ്ങളുടെ കൂടെ ഈ തെയ്യവും കെട്ടിയാടിക്കുന്നുണ്ട്.
പുലികളെ വക വരുത്തുവാന്‍ പോയ നായരെ കാണാതെ പരിഭ്രമിച്ച വാണവര്‍ തന്റെ ഇഷ്ടദേവിയായ രാജ രാജേശ്വരി തുളൂര്‍ വനത്ത് ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു.
സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദേവി പുലികണ്ടന്‍ പരമേശ്വരന്‍ ആണെന്നും പരമേശ്വരനാല്‍ കൊല്ലപ്പെട്ട കരിന്തിരി കണ്ണന്‍ നായര്‍ ദൈവക്കരുവായെന്നും എന്റെ അരികത്ത് ഒരു ദൈവ മന്ദിരം പണിത് അവിടെ കുടിയിരുത്തിയാല്‍ കഷ്ട ദോഷങ്ങള്‍ അകലുമെന്നും വാണവരോട് പറഞ്ഞുവത്രേ.
ദേവിയുടെ അരുളപ്പാടു സ്വീകരിച്ചു വാണവര്‍ അവിടെ ക്ഷേത്രം പണിയുകയും ദൈവക്കോലങ്ങള്‍ കെട്ടിയാടിക്കുകയും ചെയ്തു.

കോലങ്ങളായ് കെട്ടിയാടുന്ന മൃഗദേവതകൾ.


പുലിരൂപമെടുത്ത പാർവതീ പരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ള ദേവതകളാണ് പുള്ളികരിങ്കാളിയും പുലികണ്ടനും.
ശൈവകഥകളുടെയും ഐതീഹ്യങ്ങളുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ടവയാണ് ഈ പുലിദൈവങ്ങളെ സംബന്ധിച്ച തോറ്റം പാട്ടുകളും നാടൻപാട്ടുകളും.
ഈ പുലിദൈവങ്ങൾ ചെന്നത് കൊട്ടിയൂർ മാടത്തിലേക്കാണ്.
കരിന്തിരി നായരേ കൊന്നത് പുലികണ്ഠനാണ്.
പുലിയാൽ വധിക്കപ്പെട്ട കരിന്തിരി നായരും ഒരു ദേവതയായിമാറി.
കൊട്ടിയൂരിൽ കളിയാട്ടം കാണാൻ വന്ന തണ്ടയാന്റെ കുടവഴിയായ് പുലിദൈവങ്ങൾ രാമപുരത്തേക്കെഴുന്നള്ളി.
ഇപ്രകാരം പുലിദൈവങ്ങളുടെ സാന്നിധ്യം മറ്റു പല സ്ഥലങ്ങളിലും ഉണ്ടായത്രേ.
വണ്ണാൻ സമുദായക്കാരും മറ്റു ചില സമുദായക്കാരും ഈ തെയ്യങ്ങൾ കെട്ടിയാടാറുണ്ടത്രെ.




പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:

തെയ്യം സങ്കല്പം പ്രധാന ആയുധം/ലക്ഷണം
പുലികണ്ടൻ പുലിരൂപത്തിലുള്ള ശിവൻ പുലി വരകൾ, ചടുലമായ നൃത്തം   
പുള്ളികരിങ്കാളി പുലിരൂപത്തിലുള്ള പാർവ്വതി    പുള്ളികളുള്ള മെയ്‌ത്തെഴുത്ത്
കരിന്തിരി നായർ         വീരമൂർത്തി (വേട്ടക്കാരൻ) വില്ലും അമ്പും

 



WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top