ചിരുകണ്ടൻ തെയ്യം.

 Back to All Theyyams


Stories of Kerala Temple
ചിരുകണ്ടൻ തെയ്യം.

ഉത്തരമലബാറിലെ നാട്ടുദൈവങ്ങളിൽ വളരെ ജനകീയനായ ഒരു വീരമൂർത്തിയാണ് ചിരുകണ്ടൻ തെയ്യം. സാധാരണക്കാരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഒരു ഇതിഹാസമാണ് ഈ തെയ്യത്തിന് പിന്നിലുള്ളത്. അസാമാന്യ ധീരത പ്രകടിപ്പിക്കുകയും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത ഒരു വീരപുരുഷനെ ദൈവക്കരുവായി ആരാധിക്കുന്ന രീതിയാണിത്.


എൺപത് വർഷങ്ങൾക്ക് മുൻപ് പാട്ടത്തിൽ നായർ എന്ന തറവാട്ട് കാരണവർക്ക് ആകസ്മികമായുണ്ടായ ഒരു കോടതി കേസ് വിജയമാണ് ചിരുകണ്ടൻ തെയ്യത്തിന്റെ ഉത്ഭവചരിത്രം. 
മഹാഭക്തനും സാത്വീകനുമായ പാട്ടത്തിൽ നായർ തനിക്കും തന്റെ തറവാടിനുമുള്ള ഒരേഒരേക്കർ ഭൂസ്വത്ത് അന്യാധീനപ്പെട്ടതിൽ ദുഖിതനായിരുന്നു. 
മനംനൊന്ത നായർ അന്ന് നാഴികകൾ നടന്നുചെന്നാണ് കാഞ്ഞങ്ങാട് കോടതിയിൽ സങ്കടം ബോധിപ്പിച്ചത്. 
തന്റെ വക്കീൽ സമര്ഥനായിരുന്നെങ്കിലും ഭൂമി പരമ്പരാഗതമായി തനിക്ക് സിദ്ധിച്ചതാണ് എന്ന് തെളിയിക്കുന്ന രേഖകളൊന്നും അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.
കേസ് വിധിപറയാൻ മാറ്റിവച്ച ധനു പതിനാറു പുലർന്നു. 
ഒരുപോള കണ്ണടക്കാൻ കഴിയാതെ രാത്രി നീളെ കരഞ്ഞും പ്രാർത്ഥിച്ചും കിടന്ന നായർ തറവാട്ടുകുളത്തിൽ മുങ്ങി ഈറനോടെ കുലദേവതയെ വണങ്ങി  തുണ വിളിച്ചു. 
പിന്നെ വെളിച്ചം വീഴാൻ തുടങ്ങിയ കാട്ടുപാതയിലൂടെ കാഞ്ഞങ്ങാട്ടേക്ക് നടക്കാൻ തുടങ്ങി. 
എച്ചി പൊയിൽ കുന്നുകയറി വന്നപ്പോൾ കരിമ്പാറ പ്പു റത്ത് അതാ ഒരാൾ ഇരിക്കുന്നു. 
ഭയവും ഭക്തിയും നിറഞ്ഞ മനസോടെ പാട്ടത്തിൽ കാരണവർ ആ കാൽക്കൽ വീണു. 
കരയേണ്ട-സന്തോഷത്തോടെ മടങ്ങിക്കോളിൻ കൂടെ ഞാനുണ്ടാകും ആ രൂപത്തിൽ നിന്നും പൊഴിഞ്ഞുവീണ വാക്കുകൾ കേട്ട് തലയുയർത്തിനോക്കിയ നായർക്ക് ആ ദിവ്യരൂപത്തെ എങ്ങും കാണാൻ ആയില്ല.
നായർ  ഉച്ചയോടെ കോടതിയിൽ എത്തി, വിചാരണ തുടങ്ങി. 
ഭൂസ്വത്ത് പാട്ടത്തിൽ നായരുടേതാണെന്ന് വിധി വന്നു.


ആഹ്ലാദം കൊണ്ട് കണ്ണുനിറഞ്ഞ നായർ തറവാട്ടിലേക്ക് തിരിച്ചു. വഴിയിൽ കരിമ്പാറപുറത്ത് അതേ ദിവ്യരൂപം നായരെ കൈമാടി വിളിക്കുന്നു. 
ആനന്ദവിവശനായ നായർ എന്ത് പേരുചൊല്ലി വിളിക്കണമെന്ന് ചോദിച്ചപ്പോൾ ആ ദിവ്യരൂപം ചിരുകണ്ടൻ  എന്ന് മൊഴിഞ്ഞു. അങ്ങനെ തറവാട് കയറിയ നായർ നായിക്കൂറ്റും കോയിക്കൂറ്റും കേൾക്കാത്ത കോട്ടമല കിഴക്ക്  പൂങ്ങൻചാലിനും മവ്വൻചാലിനും ഇടക്ക് ചിരുകണ്ടൻ തെയ്യത്തിന് കാവൊരുക്കി കളിയാട്ടം നടത്തി.




വേഷവിധാനവും പ്രത്യേകതകളും

  • രൂപം: വളരെ ഊർജ്ജസ്വലനായ ഒരു യുവാവിന്റെ ഭാവമാണ് ചിരുകണ്ടൻ തെയ്യത്തിന്.

  • മുഖത്തെഴുത്ത്: ഈ തെയ്യത്തിന്റെ മുഖത്തെഴുത്ത് സവിശേഷമാണ്. സാധാരണയായി 'വട്ടക്കണ്ണും' ലളിതവും എന്നാൽ മനോഹരവുമായ വരകളും ഇതിൽ കാണാം.

  • തിരുമുടി: അധികവും 'വട്ടമുടി' അണിഞ്ഞാണ് ഈ തെയ്യം പുറപ്പെടുന്നത്.

  • ആയുധങ്ങൾ: വീരസങ്കല്പമായതുകൊണ്ട് തന്നെ കയ്യിൽ വാളും വടിയും ഏന്തിയാണ് തെയ്യാട്ടം.

ആരാധനയും പ്രസക്തിയും

  • തറവാട് ദൈവം: പ്രധാനമായും തീയ്യ സമുദായക്കാരുടെയും മറ്റ് പിന്നോക്ക സമുദായങ്ങളുടെയും തറവാടുകളിലും കാവുകളിലുമാണ് ചിരുകണ്ടൻ തെയ്യം കെട്ടിയാടുന്നത്.

  • കരിരവനും ചിരുകണ്ടനും: ചിലയിടങ്ങളിൽ കരിരവൻ തെയ്യത്തോടൊപ്പമോ അല്ലെങ്കിൽ സമാനമായ സങ്കല്പത്തിലോ ചിരുകണ്ടനെ ആരാധിക്കാറുണ്ട്.

  • വിശ്വാസം: കൃഷിനാശത്തിൽ നിന്നും രോഗങ്ങളിൽ നിന്നും മോചനം നേടാനും കുടുംബത്തിന്റെ ഐശ്വര്യത്തിനും ചിരുകണ്ടൻ തെയ്യത്തെ ഭക്തർ ആശ്രയിക്കുന്നു.

 



WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top