Stories of Kerala Temple
കുരിക്കൾ തെയ്യം.
ഉത്തരമലബാറിലെ തെയ്യപ്രപഞ്ചത്തിൽ വീരസങ്കല്പത്തിലുള്ള തെയ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കുരിക്കൾ തെയ്യം. സാധാരണയായി കളരിവിദ്യയിൽ അഗ്രഗണ്യരായ വ്യക്തികൾ മരണശേഷം ദൈവക്കരുക്കളായി മാറുമ്പോഴാണ് 'കുരിക്കൾ' എന്ന പേരിൽ തെയ്യങ്ങൾ കെട്ടിയാടുന്നത്. ഇതിൽ ഏറ്റവും പ്രശസ്തമായത് കണ്ടംപുള്ളി കുരിക്കൾ, കല്ലന്താറ്റ് കുരിക്കൾ തുടങ്ങിയവരാണ്.
കൂടാളി കുഞ്ഞിരാമൻ ഗുരിക്കൾ എന്ന ഇതിഹാസ പുരുഷനെയാണ് കുരിക്കൾ തെയ്യം എന്ന പേരിൽ കെട്ടിയാടുന്നത്.
മന്ത്രവാദത്തിലും വൈദ്യത്തിലും ഏർപ്പെട്ടുനടക്കുന്നവരുടെ പേരിലുള്ള തെയ്യങ്ങളാണ് കുരിക്കൾ തെയ്യം എന്നും പറയാം, പൊന്ന്വൻ തൊണ്ടച്ചൻ, വിഷകണ്ടൻ തുടങ്ങിയ തെയ്യങ്ങളും ഈ ഗണത്തിൽ പെടുന്നു.
ഐതിഹ്യം
മന്ദപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു വീരപുരുഷൻ.
കതിവനൂർ വീരൻ തെയ്യം കെട്ടിയാടുന്ന ഇടങ്ങളിൽ ഗുരുക്കൾ തെയ്യം, അഥവാ കുരിക്കൾ തെയ്യവും കെട്ടിയാടിക്കാറുണ്ട്.
കതിവനൂർ വീരനെപ്പോലെതന്നെ വീരമൃത്യുവടഞ്ഞ പൂർവികന്റെ സങ്കല്പത്തിലാണ് കുരിക്കൾ തെയ്യവും കെട്ടിയാടുന്നത്.
കൂടാളി നാട്ടിലെ യോഗിയായിരുന്നു കുഞ്ഞിരാമൻ.
നാട്ടുരാജാവ് തന്നിലെ ബാധയകറ്റാൻ ഒരിക്കൽ മന്ത്രവാദിയും വൈദികനുമായ കുഞ്ഞിരാമൻ ഗുരുക്കളെ വിളിച്ചു വരുത്തി.
ശരീരത്തിൽ നിന്നും ബാധയകറ്റിയ ഗുരുക്കൾക്ക് കൈനിറയെ സ്വർണ്ണസമ്മാനങ്ങളും നല്ലൊരു സ്ഥാനനാമവും നൽകുകയുണ്ടായി.
എന്നാൽ ഇക്കാര്യങ്ങളിൽ അയൂയ പൂണ്ട അനുയായികൾ ഗുരുക്കളെ ചതിയാൽ കൊലചെയ്യപ്പെട്ടു എന്നാണൈതിഹ്യം.
പുഴാതിപ്പറമ്പിന്റെ കന്നിമൂലയിൽ ആയിരുന്നുവത്രേ ഗുരുക്കൾ മരിച്ചു വീണത്.
മരണവെപ്രാളത്തിൽ കരയുന്ന ഗുരുക്കളുടെ നിലവിളി കതിവനൂർ വീരൻ കേൾക്കാനിടയായി എന്നും കതിവനൂർ വീരൻ തന്നെ ഗുരുക്കളെ ഒരു തെയ്യമായി തന്റെ കൂടെ കൂട്ടി എന്നുമാണു വിശ്വാസം.
പ്രധാനമായും വണ്ണാൻ സമുദായക്കാരാണു കെട്ടിയാടുന്ന ഈ തെയ്യത്തിന്റെ വേഷത്തിന് കതിവനൂർ വീരനുമായി നല്ല സാമ്യമുണ്ട്.
കുരിക്കൾ തെയ്യമെന്ന പേരിൽ പുലയ സമുദായക്കാർക്കും വിവിധങ്ങളായ തെയ്യങ്ങളുണ്ട്.
പുലിമറഞ്ഞ തൊണ്ടച്ചനാണ് ഇവയിൽ പ്രധാനം.
പനയാർ കുരിക്കൾ, പിത്താരി വെള്ളൂ കുരിക്കൾ, കാരി കുരിക്കൾ, ചിറ്റോത്ത് കുരിക്കൾ, പൊല്ലാലൻ കുരിക്കൾ, അമ്പിലേരി കുരിക്കൾ, വട്ടിയാർ പൊള്ള, വളയങ്ങാടൻ തുടങ്ങിയവയൊക്കെ കുരുക്കൾ തെയ്യങ്ങൾ തന്നെയാണ്.
മേൽ വിവരിച്ച ഐതിഹ്യമല്ല ഈ തെയ്യങ്ങളുടെ പുറകിൽ ഉള്ളത്.
പണ്ടത്തെ ഫ്യൂഡൽ വ്യവസ്ഥയുടെ ചില ക്രൂരവശങ്ങൾ വ്യക്തമാക്കുന്നതാണ് കുരിക്കൾ തെയ്യത്തിന്റെ തോറ്റം പാട്ട്.
വണ്ണാൻ സമുദായക്കാരാണു ഈ തെയ്യം കെട്ടിയാടുന്നത്.
മാന്ത്രികരുടെയും യോഗാഭ്യാസികളുടെയും സ്മരണയ്ക്ക് വേണ്ടി കോലം കെട്ടിയാടുകയെന്നത്
വീരാരാധനയുടെ ഒരു വശമാണ്.
ആ നിലക്ക് കുരിക്കൾ തോറ്റം ഒരു വീരചരിതമാണ്.
വേഷവിധാനവും പ്രത്യേകതകളും
-
വീരഭാവം: യുദ്ധവീരന്മാരായതുകൊണ്ട് തന്നെ ഈ തെയ്യക്കോലങ്ങൾ വളരെ വീര്യത്തോടും രൗദ്രഭാവത്തോടും കൂടിയാണ് ആടുന്നത്.
-
ആയുധങ്ങൾ: കയ്യിൽ വാളും പരിചയും (പലപ്പോഴും വടിയും) ഏന്തിയാണ് പ്രകടനം. കളരിപ്പയറ്റിലെ ചുവടുകൾ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് തെയ്യാട്ടത്തിൽ കാണാറുള്ളത്.
-
മുഖത്തെഴുത്ത്: പ്രൗഢമായ മുഖത്തെഴുത്തും ചുവന്ന വസ്ത്രങ്ങളുമാണ് പ്രധാന വേഷം
ആരാധനാ രീതി
തീയ്യ സമുദായക്കാരുടെ തറവാടുകളിലും കാവുകളിലുമാണ് കുരിക്കൾ തെയ്യങ്ങൾ പ്രധാനമായും കെട്ടിയാടാറുള്ളത്. തറവാടിന്റെ ഐശ്വര്യത്തിനും സംരക്ഷണത്തിനുമായിട്ടാണ് ഈ തെയ്യത്തെ ആരാധിക്കുന്നത്.