എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും തെയ്യങ്ങൾ.

 Back to All Theyyams


Stories of Kerala Temple
എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും തെയ്യങ്ങൾ.

ഉത്തരമലബാറിലെ തെയ്യങ്ങളിൽ ജാതിക്കതീതമായ മനുഷ്യസ്നേഹത്തിന്റെയും, യജമാനനും ഭൃത്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും നേർക്കാഴ്ചയാണ് എമ്പ്രാൻ കുരിക്കൾ തെയ്യവും ഐപ്പള്ളി തെയ്യവും. മിക്കവാറും ഒരുമിച്ചാണ് ഈ രണ്ട് തെയ്യങ്ങളും കെട്ടിയാടപ്പെടുന്നത്. പുലയ സമുദായക്കാരാണ് ഈ തെയ്യക്കോലങ്ങൾ അണിയുന്നത്.


ഉത്തരകേരളത്തിലെ പുലയ സമുദായത്തിൽപെട്ടവർ ഒരേ സമയം കെട്ടിയാടുന്ന തെയ്യങ്ങളാണ് ഐപ്പള്ളിത്തെയ്യവും എംബ്രാൻകുരിക്കൾ തെയ്യവും.
വലിയ ഭൂവുടമയായ അഴീകൊട്ടരമന നമ്പൂതിരി തന്റെ കൃഷിക്കാര്യങ്ങളും കന്നുകാലികളെയും നോക്കാൻ പിതാരിയെന്ന പുലയചെറുക്കനെ ചുമതല്ല പ്പെടുത്തുന്നു.
എന്നാൽ കോലമുടിമന്നന്റെ വഴിമുടക്കി ഞണ്ടിനെ പിടിക്കാൻ ശ്രമിച്ച പിത്താരിയെ കോലമന്നൻ വെടിവെച്ചുകൊല്ലുന്നു . തടയാനെത്തിയ അഴീകൊട്ടാരമനമ്പൂതിരിയേയും വെടിവെച്ചുകൊല്ലുന്നു അങ്ങനെ രണ്ടുപേരും ജാതിക്കതീതരായി തെയ്യം ആയി മാറി പുലയസമുദായക്കാർ കെട്ടിയആടുന്നു.

ഐതിഹ്യം 

അഴീക്കോട്ടരമനയിലെ നമ്പൂതിരിയുടെ (അഴീക്കോട്ടരചൻ) കൃഷിയും കാര്യങ്ങളും നോക്കിനടത്തിയിരുന്നത് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട 'പിത്താരി' എന്ന പുലയ യുവാവായിരുന്നു. ഒരിക്കൽ മലവെള്ളം കുത്തിയൊലിച്ച് കിഴക്കേച്ചിറ തകരാറിലാകുന്ന അവസ്ഥവന്നു. ചിറയുടെ നടവരമ്പിൽ ഒരു വലിയ ഞണ്ട് മട കുഴിക്കുന്നതാണ് അതിന് കാരണമെന്ന് മനസ്സിലാക്കിയ പിത്താരി, പ്രകൃതിയുടെ ആ കരുത്തിനുമേൽ കുരുക്കിടാനും ആ ഞണ്ടിനെ പിടിക്കാനുമായി വരമ്പിൽ തപ്പുകയായിരുന്നു.

പെട്ടെന്നാണ് പുറകിൽ വലിയൊരാരവം കേട്ടത്. പിത്താരി തിരിഞ്ഞുനോക്കുമ്പോൾ കണ്ടത് കോലത്തിരി രാജാവിനെയും (കോലമുടി മന്നൻ) പതിനായിരത്തോളം വരുന്ന പടനായന്മാരെയുമാണ്. മാമായപ്പടയ്ക്ക് പോകുന്ന തനിക്ക് വഴിയിൽ ഈ പുലയനെ കണ്ടത് വലിയൊരു 'ദുശ്ശകുനമായി' രാജാവ് കണക്കാക്കി. പിത്താരിയെ വെടിവെച്ചു കൊല്ലാൻ രാജാവ് പടനായന്മാർക്ക് നിർദ്ദേശം നൽകി. എന്നാൽ, അഴീക്കോട്ടരമനയിലെ ഓമനയായ പിത്താരിയെ കൊല്ലാൻ സൈനികർക്ക് മനസ്സുവന്നില്ല. അവർ രാജാവിൻ്റെ കൽപ്പന ധിക്കരിച്ചു. ഇതിൽ ക്രുദ്ധനായ രാജാവ്, സൈനികരുടെ കയ്യിൽ നിന്നും തോക്ക് പിടിച്ചുവാങ്ങി, തൊഴുകൈകളോടെ നിസ്സഹായനായി നിന്ന പിത്താരിയെ വെടിവെച്ചുവീഴ്ത്തി.

വെടിയൊച്ച കേട്ട് ഓടിയെത്തിയ അഴീക്കോട്ട് നമ്പൂതിരി, തന്റെ പ്രിയപ്പെട്ട പിത്താരി ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ട് നെഞ്ചുപൊട്ടി. അദ്ദേഹം രാജാവിനെ ചോദ്യം ചെയ്തു. എന്നാൽ രാജാവിന്റെ തോക്ക് നമ്പൂതിരിക്ക് നേരെയും തിരിഞ്ഞു. അങ്ങനെ ഒരേ വെടിയൊച്ചയിൽ ആ യജമാനനും ഭൃത്യനും മരിച്ചുവീണു.

അഴീക്കോട്ടരമനയിലെ ശ്മശാനത്തിൽ തന്നെ ഇരുവരെയും സംസ്കരിച്ചു. പിന്നീട് അഴീക്കോട്ട് നമ്പൂതിരി 'എമ്പ്രാൻ കുരിക്കൾ തെയ്യമായും', പിത്താരി 'ഐപ്പള്ളി തെയ്യമായും' മാറി എന്നാണ് വിശ്വാസം.

 

ഐപ്പള്ളി തെയ്യം

മല വെള്ളം കിഴക്കെചിറ കുത്തിവലിക്കുമ്പോൾ പ്രകൃതിയുടെ കരുത്തിനു കുരുക്കിടാൻ അഴീക്കോട്ടരമനയിലെ വളർത്തുപുത്രൻ പിത്താരിയെന്ന കാലിയാൻ ചെറുക്കൻ ശ്രമിക്കുമ്പോൾ ചതിയൻ ഞണ്ട്‌ നടവരമ്പിൽ മട കുഴിക്കുന്നു.
ഞണ്ടിനെ പരതി.
പെട്ടെന്ന് പിറകിലാരവം കേട്ട്‌ പിത്താരി തിരിഞ്ഞു നോക്കുമ്പോൾ കനലെരിയുന്ന കണ്ണോടെ കോലമുടി മന്നനും കൂടെ ഒന്നു കുറെ പതിനായിരം പടനായന്മാരും.
മാമായപടയ്കു പോകുന്ന തമ്പ്രാനു ദുശ്ശകുനമായതിനാൽ പിത്താരിയെ വെടിവെച്ചു കൊല്ലാൻ നായന്മാരോട്‌ ആജ്ഞാപിക്കുന്നു.
അഴീകോട്ടരമനയിലെ ഓമനയെ വെടിവക്കാൻ വയ്യെന്റെ തമ്പ്രാനെയെന്ന് മൊഴിഞ്ഞ നായന്മാരുടെ കയ്യിൽനിന്ന് തോക്ക്‌ പിടിച്ചു വാങ്ങി തമ്പ്രാൻ തന്നെ തൊഴുകൈയുമായി  നിന്ന പിത്താരിയെ വെടിവെച്ചു കൊല്ലുന്നു.
വെടിയൊച്ച കേട്ട്‌ ഓടിയെത്തിയ അഴീക്കോട്ടരചനെയും  തമ്പ്രാൻ വെടിവെച്ചു കൊല്ലുന്നു.
അഴീക്കോട്ടരമനയിലെ ശ്മശാനത്തിൽ സംസ്കരിച്ച പിത്താരി ഐപ്പള്ളിതെയ്യവും.
അഴീക്കോട്ടരചൻ എമ്പ്രാൻ ഗുരുക്കൾ  തെയ്യവുമായ്‌ മാറി.




പ്രധാന സവിശേഷതകൾ

  • ഞണ്ടിന്റെ സാന്നിധ്യം: ഐപ്പള്ളി തെയ്യത്തിന്റെ ഐതിഹ്യത്തിൽ ഞണ്ടിന് വലിയ സ്ഥാനമുണ്ട്. അതിനാൽ ഈ തെയ്യം കെട്ടിയാടുമ്പോൾ ചിലയിടങ്ങളിൽ ജീവനുള്ള ഞണ്ടിനെ കൊണ്ടുവരുന്ന അപൂർവ്വമായ ഒരു ആചാരം നിലവിലുണ്ട്.

  • സാമൂഹിക സന്ദേശം: സവർണ്ണ-അവർണ്ണ വ്യത്യാസങ്ങളില്ലാതെ, ഒരു നമ്പൂതിരിയും പുലയനും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള സ്നേഹവും, അതിന് അവർ നൽകേണ്ടി വന്ന വിലയുമാണ് ഈ തെയ്യങ്ങൾ സമൂഹത്തോട് വിളിച്ചുപറയുന്നത്.



WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top