Stories of Kerala Temple
മുച്ചിലോട്ട് ഭഗവതി തെയ്യം
അറിവിൻ്റെയും വിശുദ്ധിയുടെയും അഗ്നിജ്വാല. ഉത്തര മലബാറിലെ വാണിയ സമുദായത്തിൻ്റെ പരദേവതയാണ് മുച്ചിലോട്ട് ഭഗവതി. വലിയ പാണ്ഡിത്യമുണ്ടായിട്ടും, തെറ്റായ ആരോപണങ്ങളുടെ പേരിൽ സമൂഹത്തിൽ നിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ട് അഗ്നിയിൽ ജീവനൊടുക്കേണ്ടി വന്ന ഒരു ബ്രാഹ്മണ കന്യകയുടെ കണ്ണീരും പ്രതികാരവുമാണ് മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യം. വണ്ണാൻ സമുദായക്കാരാണ് വർണ്ണാഭമായ ഈ തെയ്യം കെട്ടിയാടുന്നത്. വടക്കൻ കേരളത്തിൽ നൂറിലധികം മുച്ചിലോട്ട് കാവുകളിൽ ഈ ഭഗവതി കുടികൊള്ളുന്നുണ്ട്.
പെരിഞ്ചല്ലൂർ ഗ്രാമത്തിലെ (ഇന്നത്തെ തളിപ്പറമ്പ്) പുരാതനമായ ഇല്ലമായി രുന്നു രയരമംഗലം.
കുറേയേറെ പ്രാർത്ഥനയുടെ ഫലമായി, അന്യം നിന്നുപോകുമായിരുന്ന ഇല്ലത്ത് തേജസ്വിയായ ഒരു പെൺകുഞ്ഞ് പിറന്നു.
അവിടെ ആഹ്ലാദം അലതല്ലി.
ഇല്ലത്തെ പ്രാഥമിക വിദ്യാഭ്യാസ ത്തിനു ശേഷം ഗുരുകുല വിദ്യാഭ്യാസത്തിനായി മാണിയാട്ട് ഇല്ലത്ത് ചേർത്തു.
ദിവ്യശക്തിയുള്ള കന്യക വേദവേദാന്തങ്ങളും തത്വമീമാംസകളും തർക്കശാസ്ത്രവും അതിവേഗം സ്വായത്തമാക്കി.
ഇത് ഗുരുവിനെ പോലും അമ്പരപ്പിച്ചു.
ഒരു ദിവസം ഗുരു ഇല്ലാത്തപ്പോൾ കൂട്ടുകാരികളുടെ അസഭ്യമായ ചോദ്യത്തിന് ചുട്ട മറുപടി കൊടുത്ത കന്യകയെ കോപിഷ്ഠനായ ഗുരു , ഗുരുകുലത്തിൽ നിന്നും പുറത്താക്കി.
ഇതിൽ മനംനൊന്ത കന്യകയുടെ പിതാവ് മകളുടെ വിവാഹം നിശ്ചയിച്ചു.
ശാസ്ത്ര വേദ കലകളിൽ തർക്കിച്ചു ജയിക്കുന്ന ആളെ മാത്രമേ വേൾ ക്കൂ എന്ന് കന്യക ശഠിച്ചു.
അതനുസരിച്ച് സമ്മേളന സദസിൽ പണ്ഡിത ശ്രേഷ്ഠൻമാർ അണിനിരന്നു.
എല്ലാ ശാസ്ത്രങ്ങളേയും കുറിച്ചുള്ള തർക്കങ്ങൾ നീളുകയും പണ്ഡിതന്മാർ എന്ന് നിഗളിച്ചവർ പരാജയപ്പെടുകയും ചെയ്തു.
പരാജയം മണത്തറിഞ്ഞ പണ്ഡിതർ ഗുരുകുല വിദ്യാഭ്യാസ സമയത്ത് ഉന്നയിച്ച ചോദ്യം ചോദിച്ചു.
ചോദ്യം ഇതായിരുന്നു : രസത്തിൽ, കൂടിയ രസവും വേദനയിൽ കൂടിയ വേദനയും ഏത്?
ഉരുളയ്ക്ക് ഉപ്പേരിപോലെ കന്യക മറുപടി പറഞ്ഞു : ഏറ്റവും നോവുള്ളത് ഈറ്റുനോവ്, ഏറ്റവും രസമാർന്ന രസം കാമരസം.
ജാള്യത മറക്കുവാൻ പണ്ഡിതന്മാർ പറഞ്ഞു.
അവിവാഹിതയായ ഒരു പെൺകുട്ടിക്ക് ഇതിനെക്കുറിച്ച് അനുഭവജ്ഞാനം ഇല്ലാതെ എങ്ങനെ ഉത്തരം പറയാൻ കഴിയും എന്ന് ദുർവ്യാഖ്യാനം ചെയ്ത് ആ ബ്രാഹ്മണർ അവളെ അപമാനിക്കുകയും, ഇല്ലത്തുനിന്നും നാട്ടിൽ നിന്നും കന്യകയെ ഭ്രഷ്ട് കൽപിച്ച് പുഴ കടത്താൻ തീരുമാനിച്ചു.
ഭ്രഷ്ട് കൽപിക്കപ്പെട്ട ദേവ കന്യകയുടെ താലികെട്ട് അങ്ങനെ മുടങ്ങി.
കുപ്പം പുഴയും പെരുമ്പ പുഴയും കടന്ന് സർവ്വേശ്വരനായ സുബ്രമണ്യ സ്വാമിയേയും വണങ്ങി വടക്കോട്ടു നീങ്ങി.
ഏച്ചിക്കുളങ്ങര എത്തി.
അവിടുത്തെ ശ്രീ നാരായണ ക്ഷേത്രത്തിൽ സാക്ഷാൽ ശ്രീ നാരായണൻ അരുളി ച്ചെയ്തു : അഗ്നി ജ്വലിപ്പിച്ച് ദാനം വാങ്ങി ദേഹാ ഹൂതി നടത്തി തൻ്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുക തിരിച് തെക്കോട്ടു നടന്ന് കരിവെള്ളൂരിൽ ശിവക്ഷേത്രത്തിൽ എത്തി.
അവിടെ പ്രാർത്ഥിച്ചു.
കോട്ടപ്പറമ്പിൽ എത്തി വിറക് ശേഖരിച്ച് അഗ്നി ജ്വലിപ്പിച്ചു.
ദാന സ്വീകരണത്തിന്നായി, അതുവഴി കൊട്ടത്തേങ്ങയുമായി വന്ന തീയ്യനോട് വിറകോടൊപ്പം കൊട്ടത്തേങ്ങയിടാൻ ആ കന്യക അപേക്ഷിച്ചു.
അയാൾ കേട്ടില്ല എന്നു മാത്രമല്ല അധിക്ഷേപിക്കുക കൂടി ചെയ്തു.
പിന്നീട് ആ വഴി വന്നത് തുത്തികയിൽ എണ്ണയുമായി ഒരു വാണിയ നായിരുന്നു.
ദാനം സ്വീകരിക്കുന്നതിനായി എണ്ണ അഗ്നികുണ്ഡത്തിലേക്ക് ഒഴിക്കാൻ കന്യക അപേക്ഷിച്ചു.
അയാൾ എണ്ണ മുഴുവൻ ഒഴിച്ചു കൊടുത്തു.
ഒഴിഞ്ഞതുത്തിക പ ടിഞ്ഞാറ്റയിൽ കൊണ്ടു വച്ചു.
വാണിയൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് എണ്ണ നിറഞ്ഞ് താനേ തുള്ളുന്ന തുത്തിക യാണ്.

അപമാനിതയായ ആ കന്യക, തൻ്റെ നിരപരാധിത്വം തെളിയിക്കാൻ അഗ്നിപ്രവേശം ചെയ്ത് ജീവനൊടുക്കാൻ തീരുമാനിച്ചു. കരിവെള്ളൂരിനടുത്ത് വെച്ച് എണ്ണയുമായി പോവുകയായിരുന്ന മുച്ചിലോട്ട് പടനായർ എന്ന വാണിയ സമുദായക്കാരനെ അവൾ കണ്ടുമുട്ടി. തൻ്റെ ചിതയിലേക്ക് ഒഴിക്കാൻ അവൾ അയാളോട് എണ്ണ ആവശ്യപ്പെട്ടു. അയാൾ എണ്ണ നൽകിയപ്പോൾ, തൻ്റെ ആഭരണങ്ങൾ അവിടെയുള്ള ഒരു കിണറ്റിലിട്ട് അവൾ അഗ്നിയിലേക്ക് എടുത്തുചാടി.
പിന്നീട് ആ വാണിയൻ കിണറ്റിൽ നിന്നും ആഭരണങ്ങൾ എടുക്കുകയും, അദ്ദേഹത്തിൻ്റെ ഇല്ലത്ത് ആ കന്യക മുച്ചിലോട്ട് ഭഗവതിയായി ദൈവക്കരുവായി മാറുകയും ചെയ്തു എന്നാണ് ഐതിഹ്യം. തനിക്ക് ചിതയൊരുക്കാൻ എണ്ണ നൽകിയ വാണിയ സമുദായത്തിൻ്റെ പരദേവതയായി ആ ഭഗവതി മാറുകയായിരുന്നു.
ദാനം സ്വീകരിച്ച ആ കന്യക അഗ്നിയിൽ എരിഞ്ഞമർന്നു : അതിൽ നിന്നും പുതിയ ചൈതന്യം ഉടലെടുത്തു - മുച്ചിലോട്ട് ഭഗവതി.
വാണിയ സമുദായ ക്കാരുടെ കുലദേവത - ഒമ്പതില്ലക്കാർ.
ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല.
ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല.
സർവാലങ്കാര ഭൂഷിതയായി സുന്ദരിയായ നവവധു പോലെയാണ് ഭഗവതി.
അപമാനഭാരത്താൽ അഗ്നിയിൽ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യക.
വേഷവിധാനവും ഗാംഭീര്യവും
തെയ്യങ്ങളിൽ വെച്ച് ഏറ്റവും മനോഹരവും ഗാംഭീര്യവുമുള്ള വേഷവിധാനമാണ് മുച്ചിലോട്ട് ഭഗവതിയുടേത്.
-
തിരുമുടി: അർദ്ധവൃത്താകൃതിയിലുള്ള വളരെ വലിയ തിരുമുടിയാണ് ഈ തെയ്യത്തിനുള്ളത്. ഭഗവതിയുടെ തേജസ്സും ഗാംഭീര്യവും ഈ തിരുമുടി വിളിച്ചോതുന്നു.
-
മുഖത്തെഴുത്ത്: ചുവപ്പും കറുപ്പും മഞ്ഞയും നിറങ്ങൾ ഉപയോഗിച്ചുള്ള അതിസൂക്ഷ്മമായ മുഖത്തെഴുത്താണ് ഈ തെയ്യത്തിന്റേത് (പ്രാക്കെഴുത്ത് എന്ന് വിളിക്കുന്നു).
-
ചടങ്ങുകൾ: വാളും പരിചയുമേന്തി, കുരുത്തോല ചമയങ്ങളോടെ നൃത്തം വെക്കുന്ന ഭഗവതി, അറിവിന്റെയും വിശുദ്ധിയുടെയും പ്രതീകമായി ഭക്തരെ അനുഗ്രഹിക്കുന്നു. കല്യാണ സംബന്ധമായ തടസ്സങ്ങൾ മാറാൻ മുച്ചിലോട്ട് ഭഗവതിക്ക് 'താലിയർപ്പണം' നടത്തുന്ന വലിയൊരു ചടങ്ങ് കാവുകളിലുണ്ട്.