ശ്രീ മുത്തപ്പൻ തെയ്യം



Stories of Kerala Temple
ശ്രീ മുത്തപ്പൻ തെയ്യം

വിളിച്ചാൽ വിളിപ്പുറത്ത്  ഒരുവിളിക്ക് ഒൻപതു കൂറ്റുകാട്ടി  ഓടിയെത്തുന്ന ദൈവമാണ് ശ്രീ മുത്തപ്പൻ ദൈവം. വേനലെന്നോ മഴയെന്നോ മഞ്ഞുകാലമെന്നോ കാല വ്യത്യാസമോ. വിലക്കോ ബാധകമില്ലാതെ മടപ്പുരകളിലോ  പൊടിക്കളങ്ങളിലോ  വീട്ടുമുറ്റങ്ങളിലോ കെട്ടിയാടിക്കുന്ന തെയ്യമാണ് ശ്രീമുത്തപ്പൻ


ഐതിഹ്യം അനുസരിച്ച് കണ്ണൂർ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്താണ് മുത്തപ്പൻ്റെ ബാല്യകാലം. അവിടത്തെ തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അന്തർജനത്തിനും നമ്പൂതിരിക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി പ്രാർഥിച്ചു. ഒടുവിൽ ഒരു ദിവസം തൻ്റെ  പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവൻ സ്വപ്നദർശനം നൽകി. 


പിറ്റേ ദിവസം പാടിക്കുറ്റിയമ്മ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ തിരുനെറ്റിക്കല്ലിൽ നിന്നും ശിവാനുഗ്രഹത്താൽ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവിൽ തൻ്റെ  അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു, ഭക്തർക്ക്‌ അനുഗ്രഹം നൽകുന്നതിനു വേണ്ടി ശിവ-വിഷ്‌ണു സങ്കൽപ്പത്തിൽ ഭഗവാൻ മുത്തപ്പനായി മടപ്പുരകളിൽ കുടികൊള്ളുന്നത്.

ബാല്യം മുതൽക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പൻ്റെത്.
ഇല്ലത്തെ രീതികൾക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പൻ്റെത്.
സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേൾപ്പിച്ചു.
കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യമാംസാദികൾ കഴിച്ചും നടന്നിരുന്ന മുത്തപ്പൻ നാട്ടുകാർക്ക്‌ പ്രിയപ്പെട്ടവനായിരുന്നു.
ഇല്ലത്തെ നമ്പൂതിരിക്ക് ഇതിലെല്ലാം എതിർപ്പായിരുന്നെങ്കിലും പുത്രസ്നേഹം കാരണം അന്തർജ്ജനം എല്ലാം പൊറുത്തു മകനെ സ്നേഹിച്ചു. 
ഒടുവിൽ നിവൃത്തി ഇല്ലാതായപ്പോൾ വീടുവിട്ടിറങ്ങാൻ ആവശ്യപ്പെട്ടു.
അപ്പോൾ മുത്തപ്പൻ കാലഭൈരവൻ്റെ  രൂപത്തിലുള്ള തൻ്റെ  ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപ്പെടുത്തുകയും ചെയ്തു. ആ കണ്ണുകളിൽ നിന്ന് ഉള്ള അഗ്നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട്‌ ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു.

അതിൻ പ്രകാരം പൊയ്ക്കണ്ണു ധരിച്ചു അമ്മയ്ക്കു മുന്നിൽ നിന്ന് അവരെ അനുഗ്രഹിച്ചു യാത്രയായി. അയ്യങ്കരയിൽ നിന്നു യാത്രയായി കുന്നത്തൂരെത്തിയ ആ ദിവ്യശക്തി അവിടെ തങ്ങി. അവിടെ പനമരത്തിലെ കള്ള് ചെത്തിക്കൊണ്ട് ജീവിതം നയിക്കുന്ന ചന്തൻ എന്ന കള്ളു ചെത്തുകാരൻ തന്റെ കള്ളിൽ നിന്നും രാത്രി മോഷണം പോകുന്നതായി അറിഞ്ഞു. 

ഒരു ദിവസം അയാൾ അമ്പും വില്ലുമെടുത്ത് രാത്രി പനകൾക്ക് കാവലിരുന്നു.
കാവലിരിക്കുമ്പോൾ ഒരു വൃദ്ധനായ ഒരാൾ പനയിൽ കയറി കള്ള് കുടിക്കുന്നതു കണ്ടു.
അയാളെ ചീത്ത വിളിച്ച് എയ്തിടാനായി അമ്പു തൊടുക്കുമ്പോൾ കണ്ണുമിഴിക്കുകയും ചന്തൻ അവിടെ കൽ പ്രതിമയായി മാറുകയും ചെയ്തു. 
ചന്തനെ തിരക്കി വന്ന ഭാര്യ കല്ലായി മാറിയ ചന്തനേയും പനയ്ക്കു മുകളിലിരുന്ന് കള്ളു കുടിക്കുന്ന വൃദ്ധനായ ഒരാളെയും  കണ്ടു.
ഒരു അപ്പൂപ്പനെ എന്നപോലെ മുത്തപ്പാ എന്ന് വിളിച്ചു തൻ്റെ  ഭർത്താവിൻ്റെ  അപരാധം ക്ഷമിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. 
അങ്ങിനെ ആ ദിവ്യ സ്വരൂപം ചന്തന്റെ ജീവൻ തിരിച്ചു നൽകി എഴുന്നേൽ‌പ്പിച്ചു. 
അവരാണ് ആദ്യം മുത്തപ്പന് പൈങ്കുറ്റി നേർന്നത്.


അവർ കള്ളും പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും നൈവേദ്യമായി അർപ്പിച്ചു.
അങ്ങിനെ മുത്തപ്പൻ കുന്നത്തൂർ വസിക്കണമെന്ന് അവരുടെ പ്രാർത്ഥന സ്വീകരിച്ചു.
അതാണ് കുന്നത്തൂർ പാടി. 


അവിടെ കുറച്ചു കാലം കഴിഞ്ഞപ്പോൾ പൊയ്ക്കണ്ണണിഞ്ഞ മുത്തപ്പനു തുണയായ് ശിവ ചൈതന്യമായി വെള്ളാട്ടം പ്രത്യക്ഷപ്പെടുകയും മുത്തപ്പൻ്റെ  കൈ പിടിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

തൻ്റെ  അവതാര ലക്ഷ്യത്തിനായി മുത്തപ്പൻ പിന്നെ കുന്നത്തൂർ പാടിയിൽ നിന്നും ഒരമ്പു തൊടുക്കുകയും അത് പറച്ചിങ്ങ തിങ്ങുന്ന (മുള്ളുള്ള ഒരു തരം ചെടി , പുഴക്കരികിൽ വളരുന്നു) പ്രദേശത്ത് ഒരു മരത്തിൽ തറക്കുകയും ചെയ്തു.

അങ്ങിനെ കുന്നത്തൂർ പാടിയിൽ നിന്നും മുത്തപ്പൻ പറശ്ശിനിയിലേക്ക് തിരിച്ചു (പറച്ചിങ്ങ തിങ്ങുന്ന പ്രദേശമായതിനാൽ അതിനു പറശ്ശിനി ക്കടവ് എന്ന പേരു വന്നു). അവിടെ രാത്രി മീൻ പിടിച്ചു കൊണ്ടു നടക്കുന്ന ഒരു വണ്ണാൻ ഒരു മരത്തിൽ തറച്ചിരിക്കുന്ന അമ്പ് കാണുകയും അതിൽ അപാരമായ ദിവ്യ പ്രകാശം ചൊരിയുന്നതായി കണ്ടപ്പോൾ ആ സ്ഥലത്തെ നാടുവാഴിയായ തീയ്യസമുദായത്തിലെ കാരണവരോട് സംഭവം ഉണർത്തിക്കുകയും അവിടെയ്ക്ക് കൂട്ടി കൊണ്ടു വരികയും ചെയ്തു.

അങ്ങിനെ അവിടെ പ്രശ്നവിധികൾ ചെയ്തപ്പോൾ അത് മുത്തപ്പൻ ദൈവത്തിൻ്റെ  ചൈതന്യമാണ് അതെന്നും ക്ഷേത്രം കെട്ടി ആരാധിക്കണമെന്നും പറയുകയുണ്ടായി.
(പറശ്ശിനിയിൽ ആ അമ്പ് പ്രതിഷ്ഠിച്ചിട്ടുണ്ട്) അതിൻ പ്രകാരം കാരണവർ ക്ഷേത്രം കെട്ടുകയും അവിടെ വരുന്ന സർവ്വരെയും മുത്തപ്പൻ്റെ അതിഥികളായി സൽക്കരിക്കുകയും ചെയ്യുന്നു.




മഹാശക്തിയുള്ള ദൈവമാണ് മുത്തപ്പൻ. 
മത്സ്യാകാര കിരീടം ധരിച്ചതാണ് തിരുവപ്പന അഥവാ മുത്തപ്പൻ.
വെള്ളാട്ടം മുത്തപ്പനു സഹായിയായി വന്നതും.
ചുരുക്കത്തിൽ ശിവ-വിഷ്ണു ചൈതന്യം. 

സങ്കല്പമാണ് കലിയുഗത്തിലെ ദൈവമായി ഭക്തരെ അനുഗ്രഹിക്കുന്ന തേജോരൂപമായ ശ്രീ മുത്തപ്പൻ്റെത്.
ഇന്നും ഇവിടെ പയങ്കുറ്റിയും കള്ളും മീനുമൊക്കെയാണ് നൈവേദ്യം.
നായാട്ടിനു മുത്തപ്പൻ്റെ  ഒപ്പം കൂടിയ നായ്ക്കൾക്ക് ആദ്യം ക്ഷേത്രത്തിലെ പ്രസാദം നൽകപ്പെടുന്നു.

പറശ്ശിനിയിൽ എല്ലാദിവസവും സൌജന്യമായി ചായയും ചെറിയ ഇലക്കഷ്ണത്തിൽ വൻ പയർ പുഴുങ്ങിയതും തേങ്ങാപ്പൂളുമുണ്ടാകും. അപാരമായ സ്വാദാണ് അതിന്എത്ര അതിഥികളുണ്ടായാലും അവർക്ക് എല്ലാവർക്കും ഭക്ഷണം നൽകുന്നു. ദിവസവും ചിലപ്പോൾ ഏഴായിരവും എട്ടായിരവുമൊക്കെ ആൾക്കാർ ഉണ്ടാകും എന്നാലും എല്ലാവർക്കും നിത്യവും മുടങ്ങാതെ സൌജന്യമായി ഭക്ഷണം കൊടുക്കും. ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ ചോറും ഉണ്ട്.


ജാതിമത ഭേദമന്യേ ആർക്കും ഒരു തടസ്സവുമില്ലാതെ പോകാവുന്ന സ്ഥലമാണ് പറശ്ശിനി മടപ്പുര. മടപ്പുരയിലെ കാര്യങ്ങൾ നോക്കുന്നയാളെ മടയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവിടെത്തെ പ്രസാദം കഴിച്ചാൽ വയറും മനസ്സും കുളിർക്കും. പകൽ നേരങ്ങളിൽ മുഴുവൻ സമയവും ചായയായും ചോറായും ഭക്തൻ്റെ  വയറു നിറപ്പിക്കുന്ന   വേറൊരു ആരാധനാലയവും ലോകത്തെവിടെയും വേറെ കാണാൻ കഴിയില്ല. രാത്രി ഉറങ്ങാൻ സൗജന്യ താമസവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുര  പറശ്ശിനിമടപ്പുരക്കൽ തറവാട്ട്കാരുടെ കുടുംബക്ഷേത്രമാണ്. 
ദിവസവും പതിനായിരത്തിൽ കൂടുതൽ ഭക്തർ മുത്തപ്പനെ ദർശിക്കാനെത്തി അനുഗ്രഹം ലഭിച്ചു സായൂജ്യമടയുന്നു. 
ജാതിഭേദമന്യേ എല്ലാ ഭക്തർക്കും തുല്യപ്രാധാന്യം കിട്ടുന്ന സന്നിധിയിൽ എത്തി ആ വാചാല് കേട്ടു പുണ്യം നേടിയാൽ ഏതൊരു മനുഷ്യൻ്റെയും ജൻമം ധന്യമാകും.
എല്ലാവർഷവും വൃശ്ചികം 16നാണ്‌ ഇവിടത്തെ ഉത്സവം കൊടിയേറുന്നത്. 
കണ്ണൂരിൽ നിന്നും 20കിലോമീറ്റർ മാറിയാണ് പ്രശസ്തമായ  പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുര,

പൊന്നുമുത്തപ്പാ ശരണം



WhatsAppShare
Share
Top