കണ്ടനാർകേളൻ തെയ്യവും കുടിവീരൻ തെയ്യവും



Stories of Kerala Temple
കണ്ടനാർകേളൻ തെയ്യവും കുടിവീരൻ തെയ്യവും

വടക്കന്‍ കേരളത്തില്‍ പ്രധാനമായും വയനാട്ടുകുലവൻ അധവാ തൊണ്ടച്ചൻ തെയ്യം ഉള്ള കാവുകളിൽ ഈ തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു.


 കണ്ടനാർ കേളൻ തെയ്യത്തിൻ്റെ  ഐതിഹ്യം

പയ്യന്നൂരിനടുത്തു രാമന്തളിയിലെ കുന്നുരു എന്ന പ്രദേശത്തു ഭൂപ്രഭുവായിരുന്ന തീയ്യ സമുദായത്തിൽപെട്ട മേലടത്തു ചക്കി എന്ന സ്ത്രീക്ക് തൻറെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം എന്നാ കാട്ടിൽ വെച്ച് ഒരു ആൺകുഞ്ഞിനെ കളഞ്ഞു കിട്ടി. അവർ അവനു കേളൻ എന്ന് നാമകരണം ചെയ്തു സ്വന്തം പുത്രനെപ്പോലെ വളർത്തി.
ആരോഗ്യവാനായി വളർന്ന കേളൻ്റെ  ബുദ്ധിയും വീര്യവും ആ അമ്മയിൽ സന്തോഷം വളർത്തി. അവൻ്റെ  അധ്വാനശേഷി അവരുടെ കൃഷിയിടങ്ങളിൽ നല്ല വിളവു കിട്ടാൻ അവരെ സഹായിച്ചു. ചക്കിയമ്മയുടെ അധീനതിയിലായിരുന്ന കുന്നുരു പ്രദേശം കേളന്റെ മിടുക്ക് കൊണ്ട് സമ്പൽസമൃദ്ധിയിലായി. ഇതുപോലെ തൻ്റെ  വയനാട്ടിലുള്ള സ്ഥലവും കൃഷിയോഗ്യമാക്കണം എന്ന് തോന്നിയ അവർ കേളനെ വിളിച്ചു കാര്യം പറഞ്ഞു.


അമ്മയുടെ വാക്കുകൾ അനുസരിച്ച് നാല് കാടുകൾ (കേളൻ മുക്കുറ്റികാട്, മുവരുക്കുന്ന്, നല്ല തേങ്ങ , കരിമ്പനകാട്) ചേർന്ന പൂമ്പനം വെട്ടിത്തെളിക്കാൻ പണിയായുധങ്ങളും തൻറെ വില്ലും ശരങ്ങളും എടുത്തു കേളൻ പുറപ്പെട്ടു. പോകുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന കളള് ആവോളം എടുത്തു കുടിച്ചു, വഴിയിൽ വെച്ച് കുടിക്കാനായി ഒരു കുറ്റി കളള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി അവൻ യാത്ര തുടർന്നു. 


പൂമ്പനത്തിൽ എത്തിയ കേളൻ നാലു കാടും വെട്ടി തെളിച്ചു.
നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു.
കേളൻ അത് മാത്രം വെട്ടിയിരുന്നില്ല.
തുടർന്നു കേളൻ പൂമ്പനം നാലും തീയിടാൻ ആരംഭിച്ചു.


കാടിൻ്റെ  നാലു മൂലയിലും നാലു കോണിലും തീയിട്ടു അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തു ചാടിയ അവനു പിന്നീട് അവനു അതൊരു രസമായി തോന്നി. മൂന്നാം പൂമ്പനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന നാലാമത്തേതിൽ അവൻ എത്തി, നാലാമത്തേതും തീയിട്ടു. അഗ്നിയും വായുവും കോപിച്ചു, എട്ടു ദിക്കിൽ നിന്നും തീ ആളിപടർന്നു, കേളനു ചാടാവുന്നതിലും ഉയരത്തിൽ. ഇനി നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്നു കണ്ട കേളൻ അതിനു മുകളിലേക്ക് ചാടിക്കയറി. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയും കരാളിയുമെന്നു പേരായ രണ്ടു നാഗങ്ങൾ വസിച്ചിരുന്നത്. കേളനെ കണ്ട് രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളൻ്റെ  ദേഹത്തേക്ക് പാഞ്ഞുകയറി.


കേളൻ അമ്മയെ വിളിച്ചു കരഞ്ഞു.
നാഗങ്ങൾ കേളൻ്റെ  ഇടതു മാറിലും വലതു മാറിലും ആഞ്ഞു കൊത്തി.
കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു, അവരെ അഗ്നി വിഴുങ്ങി, അവർ ചാരമായി തീർന്നു.

ഇതാണ് കണ്ടനാർ കേളൻ ദൈവത്തിൻ്റെ  അഗ്നിപ്രവേശം.

തൻ്റെ  പതിവ് നായാട്ടുകഴിഞ്ഞു അതുവഴി വന്ന വയനാട്ടുകുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീരായി കിടക്കുന്ന കേളനെ കണ്ടു.
ദേവൻ തൻ്റെ  പിൻകാലുകൊണ്ട്‌ വെണ്ണീരിൽ അടിച്ചു. 
ദേവൻ്റെ  പിൻകാലു പിടിച്ചു കേളൻ എഴുന്നേറ്റു. 
മാറിൽ രണ്ടു നാഗങ്ങളുമായി പുനർജ്ജനിച്ച കേളൻ ദൈവകരുവായി മാറി. വയനാട്ടുകുലവൻ കേളനെ അനുഗ്രഹിച്ചു.
ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാർ കേളൻ എന്ന് പ്രശസ്തനാകും എന്നും തൻ്റെ ഇടതുഭാഗത്ത്‌ ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും കൽപ്പിച്ചു കൊടുത്തു.




കണ്ടനാർ കേളൻ തെയ്യത്തിൻ്റെ  ചടങ്ങ്

  • ആദ്യം വെള്ളാട്ടം കെട്ടിയാടിയത്തിനു ശേഷം തെയ്യം പൂർണ്ണ രൂപം കെട്ടിയാടുകയും ചെയുന്നു. 
  • വെള്ളാട്ടത്തിനും തെയ്യത്തിനും ഉള്ള പ്രധാന ചടങ്ങാണ് മേലേരിയേറൽ. 
  • ചെറുതായി തീക്കനൽ കൂട്ടിയിട്ട് അതിനെ നാലായി വീതിക്കുന്നു. 
  • അത് കഴിഞ്ഞ് ഈ നാല് മേലേരിക്കും ഇടയില്‍ പീഠം വച്ച് അതില്‍ വെള്ളാട്ടം / തെയ്യം കയറിനിൽക്കും. 
  • അത് കഴിഞ്ഞ് നാല് മേലേരിയിലും വെള്ളാട്ടം / തെയ്യം തുള്ളിയുറയുന്നു. 
  • അത് കഴിഞ്ഞ് ഈ നാല് മേലേരിയും ഒരുമിച്ച് കൂട്ടി അതിൽ
  • ചൂട്ട (തെങ്ങോല) കൂട്ടിയിട്ട് കത്തിച്ച് കൊണ്ടുള്ള അഗ്നി പ്രവേശനമാണ് തെയ്യത്തിൻ്റെ  പ്രധാനപ്പെട്ട ചടങ്ങ്.

 

കുടിവീരൻ ദൈവം

ഭൂമിയിൽ ഏറ്റവും വീര്യമുള്ള തറവാട്ടിൽ ജനിച്ച വീരനാണ് കുടി വീരൻ.  ആയുധാഭ്യാസത്തിൽ അഗ്രഗണ്യനായ വീരൻ ശത്രുക്കൾക്ക് ഭയം വിതച്ചും നാട്ടുകാർക്ക് നന്മ വിതച്ചും ജീവിച്ചപ്പോൾ അസൂയക്കാരുടെ ഏഷണി കേട്ട് മനം കലങ്ങിയ സ്വർഗ്ഗ രാജാവ് കാലദൂതനെ ഭൂമിയിലേക്കയക്കുകയും വിധിക്ക് കീഴടങ്ങിയ വീരൻ കാലദൂതനോടോപ്പം തിരുനെല്ലി എത്തി മായത്താൻ കടവിൽ മറഞ്ഞു എന്നും അങ്ങനെ വീരൻ കുടിവീരൻ ആയി തെയ്യക്കോലമായി എന്നുമാണ് ഐതിഹ്യം. യുദ്ധ ദേവതയായി ആചരിക്കപ്പെടുന്ന ഒരു തെയ്യമാണു കുടിവീരൻ.


വീടുകളിലും (തറവാട്ടിൽ) കുടിവീരൻ തെയ്യം കെട്ടിയാടാറുണ്ട്. അത് ആ തറവാട്ടിലെ മരണപ്പെട്ട വീരന്മാരായ കാരണവന്മാരുടെ സങ്കല്പം ആയാണ് കെട്ടിയാടുന്നത്. 
തറവാടുകളിൽ കൊട്ടിലകത്ത് (പ്രത്യേകമായ ഒരു മുറിയില്‍) മരണപ്പെട്ട കാരണവന്മാരുടെ സങ്കല്പത്തിൽ പൂജാദികർമ്മങ്ങൾ ചെയ്യുന്നു. അവിടെ നിവേദ്യമായി ഉണക്കലരി ചോറും അറുത്ത കോഴിയിറച്ചി (ഒരു പ്രത്യേക തരത്തിലുള്ള നിവേദ്യം) വെക്കുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും കുടിവീരൻ തെയ്യത്തിന് പ്രതിഷ്ഠ ഇല്ല.

 

theyyam calender update soon .... | kerala temple info



WhatsAppShare
Share
Top