Stories of Kerala Temple
വേട്ടയ്ക്കൊരുമകൻ തെയ്യം
വേട്ടക്കൊരുമകൻ തെയ്യവും ഊർപ്പിഴശ്ശി തെയ്യവും അഥവാ ദേവീരുവർ തെയ്യങ്ങൾ | ഉത്തരകേരളത്തിലെ നായർ സമുദായക്കാരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വേട്ടക്കൊരുമകൻ തെയ്യം. വേടരൂപത്തിലുള്ള ശിവപാർവ്വതിമാരുടെ പുത്രൻ ആണ് വേട്ടയ്ക്കൊരുമകൻ എന്നാണ് ഐതിഹ്യം. എങ്കിലും ചില സ്ഥലങ്ങളിൽ വേട്ടക്കൊരുമകനെ ശ്രീധർമശാസ്താവായി (അയ്യപ്പൻ) കണക്കാക്കാറുണ്ട്
തീയ്യസമുദായത്തിൻ്റെ കൊട്ടണച്ചേരി മഹാക്ഷേത്രത്തിലെ പ്രധാന ദേവതയാണ് വേട്ടക്കൊരുമകൻ. ശിവദൈവാംശമുള്ള തെയ്യമാണിത്. പുരാണങ്ങളിലെ കഥാപാത്രങ്ങളും ജീവിച്ചിരുന്ന പോരാളികളും ഇഴചേർന്ന കഥകൾ തെയ്യങ്ങളുടെ പുരാവൃത്തങ്ങളിൽ കാണാം. അത്തൊരുമൊരു ഇതിവൃത്തമാണ് വേട്ടയ്ക്കൊരു മകന്റേത്. നായർ സമുദായക്കാരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വേട്ടയ്ക്കൊരു മകൻ.
പല ക്ഷേത്രങ്ങളിലും ഇതൊരു ഉപദേവതയാണ്, ഉഗ്രമൂർത്തിയാണ്.
ഐതിഹ്യം
വേട്ടയ്ക്കൊരുമകൻ തെയ്യം ഇഷ്ടം വരം നേടാനായി തപസ്സനുഷ്ടിച്ച അർജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാർവ്വതിമാർ വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച പരമശിവൻ പാർവതിയെ പ്രാപിക്കുകയും അങ്ങനെ വേട്ടയ്ക്കൊരുമകൻ ജനിക്കുകയും ചെയ്തു. വേട്ടയ്ക്കൊരു മകൻ്റെ അമിതപ്രഭാവംകണ്ട ദേവകൾ ഭയന്ന് വേട്ടയ്ക്കൊരു മകനെ ദേവലോകത്തു നിന്നും ഭൂമിയിലേക്ക് പറഞ്ഞയക്കാൻ ആവശ്യപ്പെട്ടതിനാൽ, പരമശിവൻ അപ്രകാരം ചെയ്തു. അങ്ങനെയാണ് വേട്ടയ്ക്കൊരുമകൻ ഭൂമിയിലെത്തിയത്. ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകൻ പലദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായർ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസം തുടങ്ങി. ആ ബന്ധത്തിൽ അവർക്കൊരു കുട്ടി ജനിക്കുകയും ചെയ്തു.
കാറകൂറ തറവാട്ടുകാരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കോട്ട കുറുമ്പ്രാതിരിമാർ അന്യായമായി കൈയ്യടക്കി വച്ചിരുന്നു. പോരാളിയായ വേട്ടയ്ക്കൊരുമകൻ ആവശ്യപ്പെട്ടപ്പോൾ കുറുമ്പ്രാതിരിമാർ കോട്ട വിട്ടുകൊടുക്കാൻ തീരുമാനിച്ചു. വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാൻ കുറുമ്പ്രാതിരി നാടുനീളെ നിരവധി തടസ്സങ്ങൾ വച്ചിരുന്നു. തൻ്റെ ഏഴു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാതിരിയുടെ മുന്നിലെത്തി.
അവിടെ ആയിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു. കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു നിമിഷങ്ങൾക്കകം ആ പിഞ്ചു പൈതൽ ഉടച്ചു തീർത്തു. ഇതോടെ കുറുമ്പ്രാതിരിക്ക് വേട്ടയ്ക്കൊരു മകൻ്റെ ശക്തി ബോധ്യം വരികയും പ്രത്യേക സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകൻ്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തിവച്ച് ഉടയ്ക്കാറുണ്ട്. നായരായി പുറപ്പെട്ടു, നാളികേരം തകർത്തു എന്നാണ് തോറ്റം പാട്ടിൽ ഇതേ പറ്റി പാടുന്നത് . വേട്ടയ്ക്കൊരുമകൻ ചില സ്ഥലങ്ങളിൽ വേട്ടയ്ക്കരമകൻ (പ്രത്യേകിച്ചും മദ്ധ്യകേരളത്തിൽ) എന്നും അറിയപ്പെടുന്നു.
അമ്പും, വില്ലും, മഹാവിഷ്ണു സമ്മാനിച്ച പൊൻചുരികയും, ഈ ദൈവത്തിൻ്റെ ആയുധങ്ങളത്രേ.

ക്ഷേത്രങ്ങൾ
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങൾ കണ്ടു വരുന്നുണ്ടെങ്കിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് വേട്ടയ്ക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്.
കേരളത്തിലെ പ്രധാന വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ബാലുശ്ശേരി കോട്ട ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. ഇവിടെ വേട്ടയ്ക്കൊരുമകൻ പരദേവത എന്ന പേരിലും അറിയപ്പെടുന്നു. തെയ്യം, തിറ എന്നിവ ഈ ക്ഷേത്രത്തിൽ കെട്ടിയാടിക്കാറില്ല.
വേട്ടയ്ക്കൊരുമകൻ തെയ്യത്തിൻ്റെ തോറ്റംപാട്ടിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്. ഇവിടെയും പാട്ടുത്സവം നടത്താറുണ്ട്.
അനുഷ്ഠാനം
വേട്ടയ്ക്കൊരു മകൻ നെടിയിരുപ്പു സ്വരൂപത്തിൽ ക്ഷേത്രപാലൻ്റെ കൂടെയും, മറ്റിടങ്ങളിൽ ഊർപ്പഴശ്ശിയുടെയും കൂടെ സഞ്ചരിച്ചു എന്നാണ് വിശ്വാസം. വേട്ടയ്ക്കൊരു മകൻ തെയ്യത്തിൻ്റെ കൂടെ ക്ഷേത്രപാലനും, ഊർപ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്. വേട്ടയ്ക്കൊരുമകൻ്റെ അനുഷ്ഠാനങ്ങളിൽ പ്രധാനമാണ് തേങ്ങയുടയ്ക്കൽ. ഇത് പന്തീരായിരം തേങ്ങയേറെന്നാണ് അറിയപ്പെടുന്നത്. ചില വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങളിൽ നിശ്ചിത കാലങ്ങളിൽ പാട്ടുത്സവം നടത്തി വരാറുണ്ട്. അത്തരം അവസരങ്ങളിൽ തെയ്യംപാടി നമ്പ്യാന്മാർ എന്നറിയപ്പെടുന്നവരാണ് ഈ ക്ഷേത്രങ്ങളിൽ പാട്ടും കളമെഴുത്തും നടത്താറുള്ളത്. തെയ്യംപാടി നമ്പ്യാന്മാർ ദേവഗായകവൃന്ദ പരമ്പരയിൽ പെട്ടവരാണെന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത പുന്നാട് എന്ന പ്രദേശത്താണ് ഇവർ കൂടുതലായി താമസിച്ചു വരുന്നത്.
ഊർപ്പഴശ്ശി തെയ്യം
വടക്കെ മലബാറിൽ കെട്ടിയാടാറുള്ള ഒരു തെയ്യമാണ് ഊർപ്പഴശ്ശി തെയ്യം. ഊർപഴച്ചി ദൈവം എന്നും പേരുണ്ട് ഈ തെയ്യത്തിന്.
പുരാവൃത്തം
മേലൂരേയും കീഴൂരേയും ദേവന്മാരും ആദിനാഥൻ വിഷ്ണു ഭഗവാനും കൂടി ചതുരംഗവും ചൂതും കളിക്കുമ്പോൾ മേലൂരിളം കന്യാവ് എന്ന കന്യക അവിടെ ചെല്ലുകയും കളിയിൽ തന്നെയും കൂട്ടാൻ അപേക്ഷിക്കുകയും ചെയ്തു. കളികളിൽ വിഷ്ണുഭഗവാന് തോൽവി സംഭവിച്ചു. സംപ്രീതനായ വിഷ്ണുഭഗവാനോട് രാജ്യം വാഴാൻ തക്കതായ ഒരു പൊൻ മകനെ നൽകണമെന്ന് ആ പെൺകുട്ടി അപേക്ഷിച്ചു. അവർ ലക്ഷ്യം കുറിച്ചു. ഏഴാം നാൾ മേലൂർ ഇളം കന്യാവ് ഗംഗാരൂപം ധരിച്ച് ഗംഗയിലെത്തി.
മായാരൂപം ധരിച്ച് വിഷ്ണുവും എത്തി. അങ്ങനെ വയറ്റകത്ത് പ്രസാദം ലഭിച്ച ആ കന്യക തൻ്റെ കോട്ടയായ മേലൂർ കോട്ടയിലേക്ക് തിരിച്ച് പോന്നു. പൊന്മകൻ പിറന്നു.
അവനാണ് മേലൂർ ദയരപ്പൻ എന്ന ഊർപ്പഴശ്ശി ദൈവം. ജനനം മുതൽ അവൻ അവൻ്റെ ദിവ്യാത്ഭുതശക്തികൾ പ്രകടിപ്പിക്കാൻ തുടങ്ങി.
അവനു പാലു കാച്ചിക്കൊടുക്കുവാൻ പാൽ നൽകിയിരുന്ന അക്കമ്മയേയും ആഭരണമുണ്ടാക്കുന്നതിൽ നിന്നും സ്വർണ്ണം തട്ടിയ തട്ടാനേയും ദയരപ്പൻ ശിക്ഷിച്ചു. തന്നെ അടിച്ചതിന് ഗുരുവിനെ കുത്തിക്കൊന്നു. ഇതിനെപ്പറ്റി അവൻ്റെ അമ്മ ചോദിച്ചപ്പോൾ കഠാര എടുത്ത് അമ്മക്ക് നേരെയെറിയാനും ദയരപ്പൻ മടിച്ചില്ല. അമ്മ ചിത്രത്തൂണിനു മറഞ്ഞു നിന്നതുകൊണ്ട് കഠാര ചിത്രത്തൂണിലാണ് കൊണ്ടത്. കൂടാതെ തനിക് അവകാശപ്പെട്ട അങ്കവും ചുങ്കവും കൈയടക്കി വെച്ചിരുന്നവരെയെല്ലാം ദയരപ്പൻ കഠാര തറച്ച് കൊന്നു. മുപ്പത്താറാം വയസ്സിലെത്തിയപ്പോഴുക്കും അറുപത്തിനാല് കൊലപാതകം ചെയ്ത വീരനായി വാഴ്തപ്പെട്ടു. പിന്നീട് ദയരപ്പൻ ചുരിക കെട്ടി ചേകോനായി. അതിനു ശേഷം ദയരപ്പൻ ബാലുശ്ശേരി കോട്ടയിലെത്തി ചങ്ങാതി വേട്ടക്കൊരുമകനെ കാണുന്നു.
പിന്നീട് മേലൂരിൽ തിരിച്ചെത്തി. പെറ്റമ്മയും വിഷ്ണു ഭഗവാനും അരിയിട്ടു വാഴിച്ചു. മേലൂർ കോട്ട, കീക്കിലൂർ കോട്ട, കീഴ്മാടം, പുഷ്പവള്ളിക്കളരി, മതിരങ്ങോട്ട് മാടം, കോതിരങ്ങോട്ട് ചിറ്റാരി, വയനാട്ട് കോട്ട എന്നിവയ്ക്കധിപനായി. മുടിയൻ ക്ഷത്രിയരാജാവായി പന്ത്രണ്ട് കൊല്ലം വാണതായി തോറ്റം പാട്ടുകളിൽ പറയുന്നു.
മിക്ക ക്ഷേത്രങ്ങളിലും കാവുകളിലും ഈ രണ്ടു തെയ്യങ്ങൾ ഒരുമിച്ചു ആണ് കെട്ടിയാടുന്നത്. അതുകൊണ്ട് തന്നെ ഈ തെയ്യങ്ങളെ ദേവീരുവർ തെയ്യങ്ങൾ എന്നും അറിയപ്പെടുന്നു.
theyyam calender update soon .... | kerala temple info